A P Meherali-Amish Sthalikaliloode Vismayapoorvam

Amish Sthalikaliloode Vismayapoorvam

By: A P Meherali

Language : Malayalam
ISBN : 978-93-5282-175-4
Publishers : DC Books
Pages : 120
File Type : epub
File Size : 2.18 MB
INR 150.00, 50% Discount

SYNOPSIS : അമേരിക്കയിലെ ആഘോഷമയമായ ജീവിതം തിമിര്‍ത്താടുന്ന പട്ടണങ്ങളുടെയും മഹാനഗരങ്ങളുടെയും അരികുകളില്‍ ഒറ്റപ്പെട്ടും സ്വയം കൊട്ടിയടച്ചും... See more

Customer Reviews

5.0
5 Star
 
(1)
4 Star
 
3 Star
 
2 Star
 
1 Star
 
Have you read this book ?
Rate it now

അനായാസവും വേറിട്ടതുമായ ഒരു വായന

“യാത്രയ്ക്കിറങ്ങുമ്പോള്‍ മനസ്സില്‍ ആശങ്കകളായിരുന്നു. കനത്ത കാലവര്‍ഷം പോലെ നിലയ്ക്കാതെ പെയ്തിറങ്ങിക്കൊണ്ടിരുന്ന കോടമഞ്ഞ്‌. മഞ്ഞിന്റെ പുകപടലങ്ങളില്‍ പടര്‍ന്ന്‌ ഇരുണ്ടു പോയ വീഥി. കാഴ്ചകള്‍ക്കു മറയിട്ടു വീഥിയില്‍ മഞ്ഞിന്‍ കൂമ്പാരങ്ങള്‍ കനത്ത തിരശീലയായി മുന്‍പില്‍. പിന്നിലും വശങ്ങളിലുമെങ്ങും സാന്ദ്രീഭവിച്ച ഹിമപാളികള്‍. എങ്ങനെ മുന്നോട്ടു നീങ്ങുമെന്ന് പകച്ചു പോയി. യാത്ര, തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.” ഇത് ഒരു അപസര്‍പ്പക നോവലിന്‍റെ തുടക്കമല്ല. “ആമിഷ് സ്ഥലികളിലൂടെ വിസ്മയപൂര്‍വം” എന്ന യാത്രാനുഭവത്തിലേക്ക് ശ്രീ എ പി മെഹറലി വായനക്കാരനെ കൈ പിടിച്ചാനയിക്കുന്നത് ഇങ്ങനെയാണ്. പരിചയപ്പെടാന്‍ പോകുന്ന സ്ഥലത്തെ പറ്റി ഈ വരികള്‍ മനസ്സില്‍ ജിജ്ഞാസയും ഉദ്വേഗവും നിറയ്ക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ പെന്‍സില്‍വാനിയയില്‍ പുറം ലോകത്തിന്‍റെ മോടികളില്‍ നിന്നും യാന്ത്രികതയില്‍ നിന്നും അകന്നു കഴിയുന്ന “ആമിഷ്” സമൂഹത്തെ കുറിച്ചാണ് ശ്രീ എ പി മെഹറലി എഴുതിയ ഈ പുസ്തകം. അതിലേക്ക് കടക്കും മുന്‍പ് അല്പം സ്വകാര്യ വിചാരം. ശ്രീ എ പി മെഹറലിയെ ഞാന്‍ അറിയുന്നത് എന്‍റെ സുഹൃത്തും സഹപാഠിയുമായ മെഹ്ഫിലിന്‍റെ അച്ഛനായാണ്. തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്നിക്കില്‍ എന്‍റെ സതീര്‍ഥ്യനായിരുന്ന മെഹ്ഫിലിന്‍റെ ഒപ്പം പല വട്ടം ഞാന്‍ കോഴിക്കോടുള്ള അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയത് ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു. മെഹ്ഫിലിന്‍റെ അമ്മയും “എളാമ്മ” എന്ന് ഞങ്ങളെല്ലാം വളരെ സ്നേഹത്തോടെ വിളിച്ചിരുന്ന അവന്‍റെ ചെറിയമ്മയും ചേര്‍ന്ന് ഒരുക്കിയിരുന്ന വിഭവങ്ങള്‍ക്ക് അവരുടെയെല്ലാം അനുസ്യൂതവും നിരുപാധികവുമായ സ്നേഹത്തോളം രുചിയുണ്ടായിരുന്നു. കോഴിക്കോടിന്‍റെ അതിഥി സ്നേഹം ആവോളം നുകരാന്‍ ഇത്രയും പറ്റിയ ഒരിടം അന്നും അതിനു ശേഷവും എനിക്ക് കിട്ടിയിട്ടില്ല. എന്‍റെ ജീവിതത്തിലെ പല തുടക്കങ്ങള്‍ക്കും കോഴിക്കോട് ഒരു നിമിത്തമായി. കല്ലുമ്മക്കായയും “ഷാര്‍ജ” ജ്യൂസും അടക്കമുള്ള ഭക്ഷണ വിസ്മയങ്ങള്‍ മുതല്‍ ആദ്യമായി സ്കൂട്ടര്‍ ഓടിച്ചതും എന്‍റെ ആദ്യ ജോലിയില്‍ ചേരാന്‍ യാത്ര തുടങ്ങിയതും ഉള്‍പ്പെടെ പല പല തുടക്കങ്ങള്‍ക്കും ഇരു കൈകളും നീട്ടി നിന്ന കോഴിക്കോടും ഒപ്പം മെഹ്ഫിലിന്‍റെ കുടുംബവും സാക്ഷികളായി. കാലം കടന്നു പോയി; ജീവിതത്തിന്‍റെ കുത്തൊഴുക്കില്‍ എല്ലാവരും പല കരകളില്‍ അടിഞ്ഞു. പരിചയങ്ങള്‍ ജീവിതത്തിന്‍റെ പിന്‍ തിരശീലയിലെ നിറം മങ്ങിയ ചിത്രങ്ങളായി ഒതുങ്ങി നിന്നു. അപ്പോഴാണ്‌ ഒരനുഗ്രഹം പോലെ സാങ്കേതിക വിദ്യ എത്തിയത്. ഫേസ്ബുക്കും വാട്ട്സാപ്പും അറ്റു പോയ കണ്ണികളെ വീണ്ടും ഒന്നിപ്പിച്ചു. അങ്ങനെ നിനച്ചിരിക്കാതെ ശ്രീ എ പി മെഹറലി എഴുതിയ ഈ പുസ്തകം വായിക്കാന്‍ ഇടയായി. ഇ ബുക്ക്‌ രൂപത്തില്‍ ഇത് പ്രസിദ്ധീകരിച്ച D C Books ന് നന്ദി. പതിമൂന്നു ഹ്രസ്വവും ഹൃദ്യവുമായ അദ്ധ്യായങ്ങളിലായി വരച്ചിട്ടിരിക്കുന്ന ആമിഷ് സമൂഹത്തിന്‍റെ വിസ്മയക്കാഴ്ച്ചകള്‍ ഒരു പേജില്‍ നിന്നും മറ്റൊന്നിലേക്കു സാകൂതം പ്രയാണം ചെയ്യാന്‍ നമ്മെ പ്രലോഭിപ്പിക്കുന്നതില്‍ വിജയിക്കുന്നു. ജോണ്‍ എന്ന ആമിഷ് ബഗ്ഗി ചാലകനിലൂടെയാണ് ആമിഷ് വിശേഷങ്ങള്‍ നമ്മള്‍ അറിയുന്നത്. ആമിഷ് സമൂഹത്തില്‍ നിന്ന് തന്നെയുള്ള ഒരാള്‍ നമ്മോടൊപ്പം ഉള്ളത് നല്ല കാര്യം തന്നെ. പക്ഷെ ആ വിവരണത്തില്‍ ഒരു പക്ഷപാതം ഉണ്ടാകാന്‍ എല്ലാ സാധ്യതകളും ഉണ്ട്. ഇവിടെയാണ്‌ ഗ്രന്ഥകര്‍ത്താവിന്റെ അനുഭവജ്ഞാനവും അതില്‍ നിന്നും ഉളവാകുന്ന സാമര്‍ഥ്യവും പ്രകടമാവുന്നത്. ആമിഷ് രീതികളെയും ആചാരങ്ങളെയും തന്റെ വിശ്വാസപ്രമാണങ്ങളുമായി തട്ടിച്ചു നോക്കാനും വേണ്ടി വന്നാല്‍ തമ്മിലുരച്ചു മാറ്റു നോക്കാനും അദ്ദേഹം മടിക്കുന്നില്ല. ജോണിന്‍റെ രൂഢമൂലമായ വിശ്വാസങ്ങളെ ചോദ്യം ചെയ്തും വേണ്ടി വന്നാല്‍ പ്രകോപിപ്പിച്ചും വിഷയങ്ങളുടെ ആഴത്തിലേക്ക് ഊളിയിടാന്‍ അദ്ദേഹം പ്രേരിപ്പിക്കുന്നു. ചില സമയങ്ങളില്‍ നമ്മെ പോലെ ജോണിനെയും അദ്ദേഹം ചിന്താഗ്രസ്തനാക്കിക്കളയുന്നു..!! എഴുത്തിനു മുന്നോടിയായി അദ്ദേഹം നടത്തിയ ഒരുക്കങ്ങള്‍ ഈ പുസ്തകത്തിനെ ആയാസരഹിതമായി വായിച്ചു പോകാന്‍ സജ്ജമാക്കിയിട്ടുണ്ട്. ആമിഷ് സമൂഹത്തിന്‍റെ ജീവിതരീതികള്‍ മാത്രമല്ല, അവരുടെ ആചാരങ്ങള്‍ക്ക് പിന്നിലെ കാര്യകാരണങ്ങളെയും മനോഹരമായി പ്രതിപാദിക്കുന്നു ഈ പുസ്തകത്തില്‍. എഴുതിനോടൊപ്പം ചേര്‍ത്തിട്ടുള്ള രേഖാചിത്രങ്ങളും ഫോട്ടോകളും ഈ മായാലോകത്തെ അല്പം പോലും ഭംഗി ചോരാതെ മനസ്സില്‍ വിരിയിക്കാന്‍ നമ്മെ സഹായിക്കുന്നു. സുഖവും സമാധാനവും തേടി മനുഷ്യന്‍ വൃഥാ അലയുന്ന ഈ യുഗത്തില്‍ നല്ലതെന്ന് നമ്മളെല്ലാം കരുതി അഭിമാനം കൊള്ളുന്ന പലതും ത്യജിച്ചും ബഹിഷ്കരിച്ചും ഇഴയടുപ്പത്തോടെ ജീവിയ്ക്കുന്ന ഒരു സമൂഹത്തിന്‍റെ ചിത്രങ്ങള്‍ നമ്മെ അമ്പരപ്പിയ്ക്കുന്നു. ഒപ്പം അങ്ങനെയുള്ള പലതിന്‍റെയും വ്യര്‍ഥതയും ഈ പുസ്തകം വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്നു. ഒരു യാത്രാവിവരണമായി തുടങ്ങുന്ന ഈ പുസ്തകം വായിച്ചു തീരാറാവുമ്പോഴേക്കും നമ്മുടെ മനസ്സില്‍ അല്‍പ്പം അസൂയ കൂടി ഉളവാക്കും. എല്ലാം ഉണ്ടായിട്ടും എന്തിനോ വേണ്ടി പരക്കം പായുന്ന നമുക്ക് ആത്മസംതൃപ്തിയ്ക്ക് പരമപ്രാധാന്യം നല്‍കാനും അത് നേടാനും കഴിഞ്ഞ ഒരു സമൂഹത്തെ കാണുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവുന്നതേ ഉളളൂ ഈ വികാരം. അതും താലോലിച്ചു എന്‍റെ മനസ്സ് ഇപ്പോഴും ആ ബഗ്ഗിക്കുള്ളില്‍ തന്നെ ഇരിയ്ക്കുന്നു. ഈ പുസ്തകം രചിച്ച ശ്രീ മെഹറലിക്കും അത് പ്രസിദ്ധീകരിച്ച ഡി സി ബുക്സിനും എനിക്ക് പരിചയപ്പെടുത്തി തന്ന സുഹൃത്ത്‌ മെഹഫിലിനും ഒരായിരം നന്ദി.

Rated on, 11th Mar, 2018

Sasikumar